അഹ്മദാബാദ്: കാലുമാറ്റത്തിലൂടെ ദേശീയശ്രദ്ധ നേടിയ ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹ്മദ് പേട്ടൽ ജയിച്ചിട്ടും വിവാദം അവസാനിക്കുന്നില്ല. രണ്ട് കോൺഗ്രസ് റിബൽ എം.എൽ.എമാരുടെ വോട്ടുകൾ അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ ബി.ജെ.പി കോടതിയെ സമീപിച്ചു.
ഇതേത്തുടർന്ന് ഗുജറാത്ത് ഹൈകോടതി അഹ്മദ് പേട്ടലിനും തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസ് അയച്ചു. കോൺഗ്രസിൽനിന്ന് കാലുമാറി ബി.ജെ.പിക്കുവേണ്ടി മത്സരിച്ച ബൽവന്ത് സിങ് രാജ്പുതാണ് പേട്ടലിെൻറ വിജയം ചോദ്യംചെയ്ത് കോടതിയിൽ ഹരജി നൽകിയത്. തെരഞ്ഞെടുപ്പിൽ ജയിച്ച ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് ബേല ത്രിവേദി ഉത്തരവിട്ടിട്ടുണ്ട്. ബി.ജെ.പിക്കാണ് വോട്ടുചെയ്തതെന്ന് അവരെ ബോധ്യപ്പെടുത്താൻ ബാലറ്റ് പേപ്പർ ഉയർത്തിക്കാണിച്ചതിെൻറ പേരിലാണ് കോൺഗ്രസ് പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുവിമതരുടെ വോട്ടുകൾ തെരഞ്ഞെടുപ്പ് കമീഷൻ അസാധുവാക്കിയത്. ഇതിെൻറ ഫലമായാണ് 44 വോട്ട് നേടിയ അഹ്മദ് പേട്ടൽ ജയിച്ചത്. അതേസമയം, രാജ്പുതിന് 38 വോട്ടാണ് ലഭിച്ചത്.
വോട്ടുകൾ അസാധുവാക്കപ്പെട്ട രാഘവ്ജി പേട്ടൽ, ഭോൽഭായി ഗോയൽ എന്നിവർക്ക് പുറമെ മറ്റുരണ്ടു കോൺഗ്രസുകാർ കൂടി ബാലറ്റ് ഉയർത്തിക്കാട്ടിയെന്നും അവരുടെ വോട്ടുകൾ അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് രാജ്പുതിെൻറ ആവശ്യം. പേട്ടലിെൻറ വോട്ട് 44ൽ കുറഞ്ഞാൽ ബി.ജെ.പിയിൽ നിന്നുള്ള രണ്ടാം മുൻഗണന വോട്ടുകളുടെ ബലത്തിൽ രാജ്പുത് ജയിക്കും. ഇത് ലക്ഷ്യമിട്ടാണ് കോടതിയെ സമീപിച്ചത്.
വോെട്ടണ്ണൽ ആരംഭിക്കുന്നതിന് മുമ്പുതന്നെ കോൺഗ്രസ് പോളിങ് ഏജൻറ് ശക്തിസിങ് ഗോഹിൽ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് ബി.ജെ.പിക്കാരെ ബാലറ്റ് കാണിച്ച രണ്ടുപേരുടെ വോട്ടുകൾ അസാധുവാക്കിയത്. ഇൗ വിഷയത്തിൽ ഇരുപക്ഷവും തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു.
നിയമപ്രകാരം എം.എൽ.എമാർ അതത് പാർട്ടികളുടെ ഏജൻറുമാരെ മാത്രമേ ബാലറ്റ് കാണിക്കാൻ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.